നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

സ്നേഹവാനായ ദൈവം

“അടുത്ത തവണ കാണാം എന്നോ അല്ലെങ്കിൽ “നല്ലൊരു വാരാന്ത്യം ആശംസിക്കുന്നു”എന്നോ പറഞ്ഞാണ്  പ്രൊഫസ്സർ തൻ്റെ ഓൺലൈൻ ക്ലാസ്സ് ഓരോ തവണയും അവസാനിപ്പിച്ചത്. ചില വിദ്യാർത്ഥികൾ “നന്ദി, നിങ്ങൾക്കും അങ്ങനെതന്നെ” എന്ന് പ്രതികരിക്കും. എന്നാൽ ഒരു ദിവസം ഒരു വിദ്യാർത്ഥി "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പ്രതികരിച്ചു,.” ആശ്ചര്യത്തോടെ “ഞാനും നിന്നെ സ്നേഹിക്കുന്നു" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. താൻ ആഗ്രഹിച്ചതുപോലെ മുഖാമുഖം പഠിപ്പിക്കാതെ തന്റെ കമ്പ്യൂട്ടർ സ്ക്രീനിനെ നോക്കി പഠിപ്പിക്കേണ്ടി വരുന്ന പ്രൊഫസ്സർക്ക് കൃതജ്ഞതയായി ഒരു ‘സ്നേഹ’ ചങ്ങല സൃഷ്ടിക്കാൻ സഹപാഠികൾ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം പഠിപ്പിച്ചു തീർന്നപ്പോൾ പ്രൊഫസ്സർ പറഞ്ഞു “അടുത്ത തവണ കാണാം,“ അതിനു വിദ്യാർത്ഥികൾ ഒരോരുത്തരായി “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഈ രീതി മാസങ്ങളോളം അവർ തുടർന്നു. ഇത് വിദ്യാർത്ഥികളുമായി ഉറച്ച ബന്ധം സൃഷ്ടിച്ചെന്നും അവരിപ്പോൾ “കുടുംബം ആണെന്ന് തോന്നുന്നു എന്നുംഅധ്യാപകൻ പറഞ്ഞു. 

1 യോഹന്നാൻ 4:10–21ൽ ദൈവീക കുടുംബത്തിലെ അംഗമെന്ന നിലയിൽ നമുക്ക് ദൈവത്തോട് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാനുള്ള അനേക അവസരങ്ങൾ കാണുന്നു: തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചു (വാ.10). നമ്മുടെ ഉള്ളിൽ വസിക്കുവാൻ തന്റെ ആത്മാവിനെ നൽകി (വാ. 13, 15). അവിടുത്തെ സ്നേഹം എപ്പോഴും വിശ്വാസയോഗ്യമാണ് (വാ. 16),അതിനാൽ നമുക്ക് ഒരിക്കലും ന്യായവിധിയെ ഭയപ്പെടേണ്ടതില്ല. (വാ. 17). “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു” നമ്മെ അവനെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പ്രാപ്തരാക്കി (വാ. 19).

ദൈവജനത്തോട്  ഒത്തുകൂടുമ്പോൾ അവിടുത്തെ സ്നേഹിക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ പങ്കു വെക്കുക. ദൈവത്തിനു ഒരു “ഞാൻ അങ്ങയെ സ്നേഹിക്കുന്നു” ശൃംഖല ഉണ്ടാക്കുന്നത് ദൈവത്തിനു മഹത്വം കൊടുക്കുന്നതും നിങ്ങളെ അവിടുത്തോട് കൂടുതൽ അടുപ്പിക്കുന്നതും ആയിരിക്കും. 

ഭയപ്പെടേണ്ട

മിഥുൻ എപ്പോഴും ധൈര്യത്തിനായി തന്റെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത ടെഡി ബെയറിനെ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. എവിടെ പോകുമ്പോഴും അവൻ അതിനെ കൈയിൽ പിടിക്കുമായിരുന്നു. തന്റെ പേടി മാറ്റാൻ അത് എപ്പോഴും കൂടെയുണ്ടാകണമെന്ന് കാണുന്നതിൽ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അവന്റെ സഹോദരി മേഘക്ക് ഈ ശീലം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവളതിനെ പലപ്പോഴും ഒളിച്ചു വെക്കും. മെല്ലെ മെല്ലെ ഇതിനോടുള്ള ഈ വല്ലാത്ത ബന്ധം കുറച്ചു കൊണ്ടുവരേണ്ടതാണെന്ന് മിഥുനും മനസ്സിലാക്കുണ്ടെങ്കിലും  അവൻ എപ്പോഴും അതുപിടിച്ചു നടക്കും.

ഒരു ക്രിസ്തുമസ്സിനു സഭയിലെ കുട്ടികളുടെ , “ എന്താണ് ക്രിസ്തുമസ്”എന്നുള്ള പരിപാടിയിൽ മിഥുനും ഒരു അവതാരകൻ ആയിരുന്നു. മിഥുൻ, ലൂക്കോസ് 2: 8-14 മനപ്പാഠം പഠിച്ചത് പറയാൻ മുന്നോട്ടു് വന്നപ്പോൾ, - കൃത്യമായി പറഞ്ഞാൽ,  “ ഭയപ്പെടേണ്ട “ എന്ന വാക്ക് പറഞ്ഞ ഉടനെ, തന്റെ ടെഡിയെ താഴെയിട്ടു; പേടി മാറ്റാനായി ഇത്രയും കാലം വിടാതെ കൊണ്ടു നടന്നതിനെ !

ക്രിസ്തുമസ് എന്തുകൊണ്ടാണ് ഭയപ്പെടേണ്ടേ എന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത്? ആട്ടിടയന്മാർക്ക് മാലാഖമാർ  പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “ഭയപ്പെടേണ്ടാ……ഒരു രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”  (ലൂക്കോസ് 2 : 10- 11).

യേശു “ദൈവം നമ്മോടു കൂടെ” (മത്തായി 1: 23) ആകുന്നു. നമുക്ക് അവന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്, യഥാർത്ഥ ആശ്വാസകനായ പരിശുദ്ധാത്മാവിനാൽ (യോഹന്നാൻ 14 : 16). അതുകൊണ്ട് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മുടെതായ “ സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ” എല്ലാം മാറ്റി കളഞ്ഞ് അവനിൽ ആശ്രയിക്കാം.

ദൈവം നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നു

അദിത്തും ഭാര്യ രേഷ്മയും ചേർന്ന് അവരുടെ വീട്ടിൽ തൂക്കുവാൻ ഒരു ചിത്രത്തിനുവേണ്ടി കടയിൽ പരതുകയായിരുന്നു. അദിത്ത് തെരഞ്ഞെടുത്ത ചിത്രം ഏറ്റവും യോജിച്ചതെന്ന് കരുതി രേഷ്മയെ കാണിച്ചു. സിറാമിക്കിൽ നിർമ്മിച്ച ആ ചിത്രത്തിന്റെ വലത് വശത്ത് കൃപ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ ഇടത് വശത്ത് നീളത്തിലുള്ള രണ്ട് വിള്ളലുകൾ വീണിട്ടുണ്ടായിരുന്നു. " ഇത് പൊട്ടിയതാണ് " എന്ന് പറഞ്ഞ് രേഷ്മ പൊട്ടലില്ലാത്ത ഒന്നിനായി പരതി. അപ്പോൾ അദിത്ത് പറഞ്ഞു: "അല്ല, അതാണ് കാര്യം, നമ്മൾ തകർച്ച സംഭവിച്ചവരാണ്; അവിടെ യഥാസമയം കൃപ വന്നു ചേർന്നു . " അവർ വിള്ളൽ വീണ ആ ചിത്രം തന്നെ വാങ്ങി. " ഇത് തകർന്ന ചിത്രമല്ലേ " എന്ന് കടയുടമ ആശ്ചര്യം കൂറി. അതേ "നാമും അങ്ങനെ തന്നെ" എന്ന് രേഷ്മ മന്ത്രിച്ചു.

ഒരു  "തകർന്ന" വ്യക്തി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഒരാൾ ഇങ്ങനെയതിനെ നിർവചിച്ചിട്ടുണ്ട്: നാം സ്വയം നമ്മുടെ ജീവിതത്തെ ശരിയാക്കാനായി എത്രയധികം കഠിനമായി പരിശ്രമിച്ചിട്ടും അത് നന്നാകുന്നതിനു പകരം വഷളാകുന്നു എന്ന തിരിച്ചറിവാണത്. ദൈവത്തിനായുള്ള നമ്മുടെ വാഞ്ജയുടെ തിരിച്ചറിവും, അവിടുത്തെ ഇടപെടൽ ആവശ്യമാണ് എന്ന് സമ്മതിക്കുന്നതുമാണത്.

പൗലോസ് അപ്പസ്തോലൻ ഈ തകർന്ന അവസ്ഥയെ " അതിക്രമത്തിലും പാപത്തിലും മരിച്ചത് " (എഫേസ്യർ 2:1) എന്ന നിലയിലാണ് പറയുന്നത്. പാപക്ഷമക്കും ജീവിത വ്യതിയാനത്തിനും ആധാരം 4,5 വാക്യങ്ങളിൽ പറയുന്നതുമാണ് ; "കരുണാസന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം  ... നമ്മെ ജീവിപ്പിച്ചു ... കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. "

"ഞാൻ തകർന്നവനാണ്" എന്ന് സമ്മതിക്കുകയാണെങ്കിൽ ദൈവം തന്റെ കൃപയാൽ നമ്മെ സൗഖ്യമാക്കുവാൻ മനസ്സുള്ളവനാണ്.

പരസ്പരം സഹായിക്കുക

2002 കോമൺ വെൽത്ത് ഗെയിമുകളിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക ബോളിവുഡ് ചിത്രമാണ് ചക് ദേ! ഇന്ത്യ. ഒരു പ്രധാന രംഗത്തിൽ, നടൻ ഷാരൂഖ് ഖാൻ അവതരിപ്പിച്ച പരിശീലകൻ, ടീമിനെ സൗഹൃദവും ഒത്തൊരുമയും വികസിപ്പിക്കാൻ സഹായിക്കുന്നു. തുടക്കത്തിൽ കളിക്കാർ സ്വയം പരിചയപ്പെടുത്തുമ്പോൾ, അവരുടെ പേരും തുടർന്ന് അവരുടെ സംസ്ഥാനത്തിന്റെ പേരും പറഞ്ഞു തുടങ്ങും. എന്നിരുന്നാലും, അവർ മേലിൽ ഒരു സംസ്ഥാനത്തിന്റേതല്ലെന്നും മറിച്ച് അവർ ഒരു ടീമാണെന്നും അദ്ദേഹം അവരെ പഠിപ്പിക്കുന്നു - ടീം ഇന്ത്യ. പരസ്പര പിന്തുണയുടെ ഈ മനോഭാവം അവരെ വിജയിപ്പിക്കാനും ഒടുവിൽ ലോക വേദിയിൽ വിജയം നേടാനും സഹായിക്കുന്നു.

ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ആളുകൾ പരസ്പരം സഹായിക്കാൻ സന്നദ്ധതയുള്ളർ ആകണമെന്നാണ്. "അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ" എന്ന് അപ്പോസ്തലനായ പൗലോസ് തെസ്സലോനിക സഭയെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സ്. 5:11)

ക്രിസ്തുവിൽ ജീവന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് പരസ്പരം പിന്തുണ ആവശ്യമാണ്. ചിലപ്പോൾ അത് ബുദ്ധിമുട്ടുന്ന ഒരാളെ ശ്രദ്ധിക്കുക, പ്രായോഗിക ആവശ്യം നൽകുക, അല്ലെങ്കിൽ കുറച്ച് പ്രോത്സാഹന വാക്കുകൾ സംസാരിക്കുക എന്നിവ ആയിരിക്കാം. നമുക്ക് വിജയങ്ങൾ ആഘോഷിക്കാം, ബുദ്ധിമുട്ടുകളിൽ ശക്തിക്കായി പ്രാർത്ഥിക്കാം അല്ലെങ്കിൽ വിശ്വാസത്തിൽ വളരാൻ പരസ്പരം വെല്ലുവിളിക്കാം. അങ്ങനെ എല്ലാത്തിലും നമുക്ക് "തമ്മിൽ എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കാൻ" സാധിക്കും.(വാ.15)

യേശുവിലുള്ള മറ്റു വിശ്വാസികളോടൊത്ത് ദൈവത്തിൽ ആശ്രയിക്കുമ്പോൾ എങ്ങനെയുള്ള സൗഹാർദമാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക?

തെറ്റിദ്ധാരണയില്ല

നമ്മുടെ വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അലക്‌സാ, സിരി, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ നാം പറയുന്നതിനെ ഇടയ്ക്കിടെ തെറ്റിദ്ധരിക്കാറുണ്ട്. ഒരു ആറു വയസ്സുകാരി തന്റെ കുടുംബത്തിന്റെ പുതിയ ഉപകരണത്തോട് കുക്കികളെയും ഒരു ഡോൾഹൗസിനെയും കുറിച്ച് സംസാരിച്ചു. പിന്നീട് അവളുടെ അമ്മയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു, ഏഴ് പൗണ്ട് കുക്കികളും 170 ഡോളറിന്റെ ഡോൾഹൗസും അവളുടെ വീട്ടിലേക്ക് അയച്ചിട്ടുണ്ടത്രേ. ഒരിക്കലും ഓൺലൈനിൽ ഒന്നും വാങ്ങിയിട്ടില്ലാത്ത ഒരു ലണ്ടൻ നിവാസിയുടെ സംസാരിക്കുന്ന തത്ത, അവളുടെ അറിവില്ലാതെ സ്വർണ്ണ സമ്മാന ബോക്‌സുകളുടെ ഒരു പാക്കേജിന് ഓർഡർ കൊടുത്തു. ഒരു വ്യക്തി അവരുടെ ഉപകരണത്തോട് ''ലിവിംഗ് റൂം ലൈറ്റുകൾ ഓണാക്കാൻ'' ആവശ്യപ്പെട്ടു, ''ഇവിടെ പുഡ്ഡിംഗ് റൂം ഇല്ല'' എന്നത് മറുപടി നൽകി.

നാം ദൈവവുമായി സംസാരിക്കുമ്പോൾ അവന്റെ ഭാഗത്തുനിന്ന് അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല. അവന് ഒരിക്കലും ആശയക്കുഴപ്പമുണ്ടാകുന്നില്ല, കാരണം നമ്മുടെ ഹൃദയങ്ങളെ നമ്മേക്കാൾ നന്നായി അവനറിയാം. ആത്മാവ് ഒരേസമയം നമ്മുടെ ഹൃദയത്തെ ശോധനചെയ്യുകയും ദൈവേഷ്ടം മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മെ പക്വതയുള്ളവരാക്കുന്നതിനും നമ്മെ തന്റെ പുത്രനെപ്പോലെയാക്കുന്നതിനുമുള്ള തന്റെ നല്ല ഉദ്ദേശ്യത്തെ ദൈവം നിറവേറ്റുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് റോമിലെ സഭകളോട് പറഞ്ഞു (റോമർ 8:28). ''നമ്മുടെ ബലഹീനത'' നിമിത്തം വളരാൻ നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്കറിയില്ലെങ്കിലും, ആത്മാവ് നമുക്കുവേണ്ടി ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുന്നു (വാ. 26-27).

ദൈവത്തോട് എങ്ങനെ സ്വയം പ്രകടിപ്പിക്കുമെന്നതിനെക്കുറിച്ചു പ്രയാസപ്പെടുന്നുണ്ടോ? എന്ത് അല്ലെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് മനസ്സിലാകുന്നില്ലേ? ഹൃദയത്തിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത് പറയുക. ദൈവാത്മാവ് ദൈവഹിതം മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യും.

സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം

മഹാമാരിക്കാലത്തെ ലോക്ക്ഡൗണിന്റെ സമയത്ത്, ജെറി തന്റെ ഫിറ്റ്‌നസ് സെന്റർ അടയ്ക്കാൻ നിർബന്ധിതനാകുകയും മാസങ്ങളോളം വരുമാനമില്ലാതെ കഴിയേണ്ടിവരികയും ചെയ്തു. വൈകുന്നേരം 6 മണിക്ക് തന്റെ ഒരു സുഹൃത്തിനെ ചെന്നു കാണാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം, ഒരു ദിവസം അദ്ദേഹത്തിനു ലഭിച്ചു. എന്തിനാണെന്ന് ജെറിക്ക് നിശ്ചയമില്ലായിരുന്നു, എങ്കിലും അവിടെയെത്തി. താമസിയാതെ പാർക്കിംഗ് സ്ഥലത്തേക്കു കാറുകൾ വരാൻ തുടങ്ങി. ആദ്യത്തെ കാറിലെ ഡ്രൈവർ കെട്ടിടത്തിനടുത്തുള്ള നടപ്പാതയിൽ ഒരു ബാസ്‌ക്കറ്റ് വെച്ചു. പിന്നാലെ ഒന്നിനു പുറകെ ഒന്നായി കാറുകൾ വന്നു (ഏകദേശം അമ്പതെണ്ണം). കാറിലിരുന്നവർ കൈവീശിയും ''ഹലോ'' പറഞ്ഞും ജെറിയെ അഭിവാദ്യം ചെയ്യുകയും ബാസ്‌കറ്റിൽ സാധനങ്ങളും പണവും നിക്ഷേപിക്കുകയും ചെയ്തു. ചിലർ ത്യാഗപരമായിട്ടാണ് പണം നൽകിയത്; എല്ലാവരും അവനെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ സമയം ചിലവഴിച്ചു.

അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, സ്‌നേഹത്തിന്റെ യഥാർത്ഥ സ്വഭാവം ത്യാഗപൂർണ്ണമാണ്. അപ്പൊസ്തലന്മാരുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മക്കദോന്യക്കാർ ''പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും'' നൽകിയതായി പൗലൊസ് കൊരിന്ത്യരോട് വിശദീകരിച്ചു (2 കൊരിന്ത്യർ 8:4). പൗലൊസിനും ദൈവജനത്തിനും ദാനം ചെയ്യാനുള്ള അവസരത്തിനായി അവർ പൗലൊസിനോട് ''അപേക്ഷിക്കുകപോലും'' ചെയ്തു. യേശുവിന്റെ ത്യാഗ ഹൃദയമായിരുന്നു അവരുടെ ദാനത്തിന്റെ അടിസ്ഥാനം. ഒരു ദാസനായി ഭൂമിയിലേക്കു വരാനും തന്റെ ജീവൻ നൽകാനും അവൻ സ്വർഗ്ഗത്തിലെ സമ്പത്ത് ഉപേക്ഷിച്ചു. ''യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും ... നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്നു'' (വാ. 9).

മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്‌നേഹപൂർവ്വം നിറവേറ്റുന്നതിനായി ''ഈ ധർമ്മകാര്യത്തിലും മുന്തിവരുവാൻ'' നമുക്കും ദൈവത്തോട് അപേക്ഷിക്കാം. 

കേള്‍ക്കുകയും പഠിക്കുകയും

തെരുവിന്റെ ഒരു വശത്ത് ഒരു വീട്ടുടമസ്ഥന്‍ തന്റെ മുറ്റത്ത് ഒരു വലിയ രാഷ്ട്രീയ പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. ഒരു വലിയ ട്രക്ക് ഡ്രൈവ്‌വേയില്‍ കിടക്കുന്നു. ഇതിന്റെ വശത്തെ വിന്‍ഡോയില്‍ പതാക വരച്ചിരിക്കുന്നു, പിന്നിലെ ബമ്പര്‍ നിറയെ ദേശസ്‌നേഹ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു. തെരുവിന്റെ മറുവശത്തുള്ള ഒരു അയല്‍ക്കാരന്റെ മുറ്റത്ത്, വാര്‍ത്തകളില്‍ വരുന്ന നിലവിലെ സാമൂഹികനീതി പ്രശ്നങ്ങളെ സംബന്ധിച്ച മുദ്രാവാക്യങ്ങള്‍, വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഈ വീടുകളിലെ ആളുകള്‍ പരസ്പരം വൈരാഗ്യത്തിലാണോ അതോ സുഹൃത്തുക്കളാണോ? നാം അത്ഭുതപ്പെട്ടേക്കാം. രണ്ടു കുടുംബങ്ങളും യേശുവില്‍ വിശ്വസിക്കുന്നവരാകാന്‍ സാധ്യതയുണ്ടോ? യാക്കോബ് 1:19-ലെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു: ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.'' മിക്കപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങളെ ധാര്‍ഷ്ട്യത്തോടെ മുറുകെ പിടിക്കുകയും മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. മാത്യു ഹെന്റി കമന്ററി ഇപ്രകാരം പറയുന്നു: ''എല്ലാ വശത്തുനിന്നുമുള്ള യുക്തിയും സത്യവും കേള്‍ക്കാന്‍ നാം വേഗതയുള്ളവരായിരിക്കണം, സംസാരിക്കാന്‍ മന്ദഗതിയുള്ളവരുമായിരിക്കണം. . . നാം സംസാരിക്കുമ്പോള്‍ കോപമുളവാക്കുന്നതൊന്നുമുണ്ടാകരുത്.''  

ആരോ പറഞ്ഞു, ''പഠനത്തിന് കേള്‍ക്കേണ്ടതാവശ്യമാണ്.'' നാം ദൈവത്തിന്റെ സ്‌നേഹാത്മാവില്‍ നിറയുകയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ യാക്കോബിന്റെ പുസ്തകത്തില്‍നിന്നുള്ള ദൈവത്തിന്റെ പ്രായോഗിക വാക്കുകള്‍ നിറവേറ്റാന്‍ നമുക്കു കഴിയൂ. നമ്മുടെ ഹൃദയത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായിക്കാന്‍ അവിടുന്നു സന്നദ്ധനാണ്. കേള്‍ക്കാനും പഠിക്കാനും ഞങ്ങള്‍ തയ്യാറാണോ?

ദൈവത്തിന്റെ ശക്തി

അവര്‍ക്കു കുട്ടികളുണ്ടാകയില്ലെന്നു റെബേക്കയോടും റസ്സലിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദൈവത്തിനു മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു - പത്തുവര്‍ഷത്തിനുശേഷം റെബേക്ക ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലം ആരോഗ്യകരമായിരുന്നു; വേദന തുടങ്ങിയപ്പോള്‍, ദമ്പതികള്‍ ആവേശത്തോടെ ആശുപത്രിയില്‍ എത്തി. എന്നിട്ടും പ്രസവവേദന കൂടുതല്‍ സമയം നീളുകയും തീവ്രമാകുകയും ചെയ്തു. റെബേക്കയുടെ ശരീരം പ്രസവത്തിനായി വേണ്ടത്ര പാകമായിരുന്നില്ല. ഒടുവില്‍, ഒരു അടിയന്തിര സിസേറിയന്‍ നടത്താമെന്നു ഡോക്ടര്‍ തീരുമാനിച്ചു. പേടിച്ചുപോയ റെബേക്ക തന്നെയും തന്റെ കുഞ്ഞിനെയും ചൊല്ലി വിഷമിച്ചു. ഡോക്ടര്‍ ശാന്തമായി അവള്‍ക്ക് ഉറപ്പുനല്‍കി, 'ഞാന്‍ എന്റെ പരമാവധി ചെയ്യും, പക്ഷേ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്, കാരണം ദൈവത്തിനു കൂടുതലായി ചെയ്യാന്‍ കഴിയും.'' അവള്‍ റെബേക്കയോടൊപ്പം പ്രാര്‍ത്ഥിച്ചു, പതിനഞ്ചു മിനിറ്റിനുശേഷം, ബ്രൂസ് എന്ന ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞു  ജനിച്ചു.

ദൈവത്തെയും അവിടുത്തെ ശക്തിയെയും ആശ്രയിക്കുന്നതിനെക്കുറിച്ച് ആ ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ശസ്ത്രക്രിയ ചെയ്യാനുള്ള പരിശീലനവും നൈപുണ്യവും തനിക്കുണ്ടെങ്കിലും, തന്റെ കൈകളെ നയിക്കാന്‍ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും സഹായിക്കേണ്ടതുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു (സങ്കീര്‍ത്തനം 121:1-2).

ദൈവത്തെ തങ്ങള്‍ക്കാവശ്യമാണെന്നു തിരിച്ചറിയുന്ന വളരെ പ്രഗത്ഭരായ ആളുകളെക്കുറിച്ചോ അല്ലെങ്കില്‍ ആരെയെങ്കിലും കുറിച്ചോ കേള്‍ക്കുന്നതു പ്രോത്സാഹജനകമാണ്.  കാരണം, സത്യസന്ധമായി പറഞ്ഞാല്‍ നമുക്കെല്ലാം െൈദവത്തെ ആവശ്യമാണ്. അവിടുന്നു ദൈവമാണ്; നാം അല്ല. 'നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്‍'' അവിടുന്നാണ് (എഫെസ്യര്‍ 3:20). ദൈവത്തില്‍നിന്നു പഠിക്കുവാനും പ്രാര്‍ത്ഥനയില്‍ അവിടുത്തെ വിശ്വസിക്കാനും ഒരു എളിയ ഹൃദയം നമുക്കുണ്ടായിരിക്കാം, കാരണം, നമുക്കു ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ അത്യന്തംപരമായി ചെയ്യുവാന്‍ അവിടുത്തേക്കു കഴിയും.

യേശുവിന്റെ ജനപ്രിയമല്ലാത്ത ആശയങ്ങള്‍

മൈക്ക് ബര്‍ഡന്‍, തന്റെ ചെറിയ പട്ടണത്തിലെ തന്റെ ചരിത്രസ്മാരകകടയില്‍ വെച്ച് പതിനഞ്ചു വര്‍ഷം, വിദ്വേഷ യോഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2012 ല്‍ ഭാര്യ, അയാളുടെ ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ഹൃദയം അയഞ്ഞു. തന്റെ വംശീയവീക്ഷണങ്ങള്‍ എത്രത്തോളം തെറ്റാണെന്ന് മനസ്സിലാക്കിയ അയാള്‍, ഇനിമേല്‍ അങ്ങനെ തുടരാന്‍ ആഗ്രഹിച്ചില്ല. അവരുടെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ട് തീവ്രവാദസംഘം തിരിച്ചടിച്ചു.

സഹായത്തിനായി അയാള്‍ എവിടേക്കാണു പോയതെന്നോ? അതിശയമെന്നു പറയട്ടെ, അയാള്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു പ്രാദേശിക പാസ്റ്ററുടെ അടുത്തേക്കു പോയി. പാസ്റ്ററും സഭയും മൈക്കിന്റെ കുടുംബത്തിനു കുറച്ചുകാലം വീടും പലചരക്കു സാധനങ്ങളും നല്‍കി. എന്തുകൊണ്ടാണു തങ്ങളെ സഹായിക്കുന്നതെന്നു ചോദിച്ചപ്പോള്‍, പാസ്റ്റര്‍ കെന്നഡി ഇങ്ങനെ വിശദീകരിച്ചു, “യേശുക്രിസ്തു ജനപ്രിയമല്ലാത്ത കുറെയധികം കാര്യങ്ങള്‍ ചെയ്തു. സഹായിക്കേണ്ടുന്ന സമയമാകുമ്പോള്‍, നിങ്ങള്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു.'' പിന്നീടു മൈക്ക് കെന്നഡിയുടെ പള്ളിയില്‍ സംസാരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായതില്‍ കറുത്തവരുടെ സമൂഹത്തോടു ക്ഷമ ചോദിക്കുകയും ചെയ്തു.

ജനപ്രിയമല്ലാത്ത ചില ആശയങ്ങള്‍ യേശു, ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചു: “നിന്നോടു യാചിക്കുന്നവനു കൊടുക്കുക . . . നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്തായി 5:42, 44). നാം പിന്തുടരാന്‍ ദൈവം നമ്മെ വിളിക്കുന്നു എന്നു നാം ചിന്തിക്കുന്നതിന്റെ തലകീഴായ മാര്‍ഗ്ഗമാണിത്. അതു ബലഹീനതയാണെന്നു തോന്നുമെങ്കിലും, അതു ദൈവത്തിന്റെ ശക്തിയില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

നമ്മോട് ആവശ്യപ്പെടുന്ന വിധത്തില്‍ ഈ തലകീഴായ ജീവിതം നയിക്കാന്‍ നമുക്കു ശക്തി നല്‍കുന്നവനാണ് നമ്മെ പഠിപ്പിക്കുന്നയാള്‍.

നിങ്ങളോടുള്ള യേശുവിന്റെ വാഗ്ദത്തം

രോഹിതിന്റെ മാതാപിതാക്കള്‍ അവനെ ഷീലയെ ഏല്പിച്ചപ്പോള്‍ അവന്‍ നിലവിളിച്ചു. മമ്മിയും ഡാഡിയും ആരാധനയ്ക്കു പോയപ്പോള്‍ അവനെ ആദ്യമായിട്ടാണ് സണ്ടേസ്‌കൂള്‍ റ്റീച്ചറെ ഏല്പിച്ചത് - അത് അവനത്ര സന്തോഷമായിരുന്നില്ല. അവനു കുഴപ്പമൊന്നും വരില്ലെന്നു ഷില ഉറപ്പു നല്‍കി. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊണ്ട് അവനെ ശാന്തനാക്കാമെന്നു ഷീല കരുതി. അവള്‍ അവനെ കസേരയില്‍ ഇരുത്തി ആട്ടി, ചുറ്റും കൊണ്ടു നടന്നു. അവിടിരിക്കുന്നത് എത്ര രസകരമായിരിക്കുമെന്നു പറഞ്ഞുനോക്കി. എന്നാല്‍ അതൊക്കെ അവന്റെ കണ്ണീരും ഉച്ചത്തിലുള്ള നിലവിളിയും വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്നിട്ട് അവള്‍ അവന്റെ ചെവിയില്‍ ലളിതമായ മൂന്നു വാക്കുകള്‍ മന്ത്രിച്ചു: “ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും.'' പെട്ടെന്നു സമാധാനവും ആശ്വാസവുമുണ്ടായി.

ക്രൂശിക്കപ്പെട്ട ആഴ്ചയില്‍ യേശു തന്റെ സ്‌നേഹിതര്‍ക്ക് സമാനമായ ആശ്വാസവാക്കുകള്‍ നല്‍കി: 'എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും' (യോഹന്നാന്‍ 14:16-17). അവന്റെ പുനരുത്ഥാനത്തിനുശേഷം അവന്‍ അവര്‍ക്ക് ഈ വാഗ്ദാനം നല്‍കി: 'ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്' (മത്തായി 28:20). യേശു ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്കു പോകാനിരിക്കുകയാണ്, എന്നാല്‍ അവരോടു 'കൂടെയിരിക്കാനും' അവരില്‍ വസിക്കാനും അവിടുന്ന് ആത്മാവിനെ അയയ്ക്കും.

നമ്മുടെ കണ്ണുനീര്‍ ഒഴുകുമ്പോള്‍ ആത്മാവിന്റെ ആശ്വാസവും സമാധാനവും നാം അനുഭവിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുമ്പാള്‍ നമുക്ക് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നു (യോഹന്നാന്‍ 14:26). ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവിടുന്ന് നമ്മുടെ കണ്ണുകള്‍ തുറക്കുന്നു (എഫെസ്യര്‍ 1:17-20), നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു (റോമര്‍ 8:26-27).

അവിടുന്ന് എന്നേക്കും നമ്മോടൊപ്പം വസിക്കുന്നു.